Monday, 11 May 2020

കാഴ്ചകളില്‍ എന്നെ വിസ്മയിപ്പിച്ച ചില കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം...







1. നരേന്ദ്രന്‍



അയാള്‍ക്കതിനേ കഴിയുമായിരുന്നുള്ളൂ.... സ്വയം വേദനിച്ചുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ഏകനായി തിരിച്ച് പോകാന്‍.....
ര്‍മ്മകളില്‍ അവളദ്ദേഹത്തെ വല്ലാതെ നൊമ്പരപ്പെടുത്തുമായിരിക്കും
ഇനിയെന്നും.....
പക്ഷേ ഉള്ളിലൂറുന്ന വേദന ഇനിയൊരാള്‍ക്കുകുൂടി പകര്‍ന്നു നല്‍കേണ്ടതില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. പിന്മാറ്റം ചിലപ്പോഴെല്ലാം ധാര്‍മ്മികതയും കൂടിയാകുമല്ലോ.
ചിന്തകളില്‍ അസ്വസ്ഥപ്പെടുത്തുന്ന തിരിഞ്ഞുപോക്കിന്റെ മുഖം ഇനിയെന്നും അവളുമൊന്നിച്ചുളള നല്ലയോര്‍മ്മകളില്‍ കരിനിഴല്‍ വീഴ്ത്തുമെന്നും അയാള്‍ക്കറിയുമായിരുന്നിരിക്കാം...
പക്ഷേ... ആ പക്ഷേയുടെ ദൂരമാണ്, ആ പക്ഷേയുടെ വ്യാപ്തിയാണ് പിന്തിരിഞ്ഞുനോക്കാതെ നടന്നുപോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്..

ആര്‍ക്കും ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നാം, അവളുടെ നിസഹായാവസ്ഥയില്‍ താങ്ങാകണമെന്ന് കൊതിക്കാം. ഇനിയൊരിക്കലും അവളെ വിട്ടുകൊടുക്കാന്‍ കഴിയാത്ത വിധം സ്വാര്‍ത്ഥനുമാകാം..
സ്വന്തം പേരുപോലുമറിയാതെ നിസഹായയായിത്തീര്‍ന്ന അവള്‍ക്കും താങ്ങിയ കൈകളുടെ സുരക്ഷിതത്വത്തെ മുറുകെ പിടിക്കാന്‍ തോന്നിയിരിക്കാം. അതിനുമപ്പുറം ഒരു ജീവിതത്തില്‍ രണ്ട് തവണ സംഭവിക്കാന്‍ പാടില്ലാത്തതൊന്നുമല്ലല്ലോ പ്രണയം. പിന്നെയും നൊമ്പരപ്പെടുത്തുന്നത് നരേന്ദ്രനാണ്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം, സ്വന്തമായി ആരുമില്ലാത്തവള്‍ക്ക് എല്ലാമാവുക.. ഒരുമാസം നീളുന്ന സന്തോഷപൂര്‍ണമായ, ആഹ്ലാദഭരിതമായ ജീവിതം.. ഒടുവിലൊരൊഴുക്കില്‍ അവളകന്ന് പോകുന്നത് തിരിച്ചറിയാതിരിക്കുക... തേടിയെത്തുമ്പോള്‍ ആ കണ്ണുകളില്‍ കണ്ട അപരിചിതത്വം, മറ്റൊരാളോട് മുറ്റിനിന്ന പ്രണയം അതദ്ദേഹത്തെ കൊത്തിവലിച്ചുവെങ്കില്‍, നിശബ്ദനാക്കിയെങ്കില്‍ ആരെയാണ് നമ്മള്‍ കുറ്റപ്പെടുത്തുക?
അവളുടെ ജീവിതത്തെ അവളിപ്പോളാഗ്രഹിക്കുന്നതുപോലെ നിലനിര്‍ത്തി മടങ്ങുക,

നഷ്ടങ്ങള്‍ പുതുമയല്ലാത്ത എരിയുന്ന ഓര്‍മ്മകളുടെ പുസ്തകത്തില്‍ ഏറ്റവും അധികം വേദനയോടെ ഒരുതാളുകൂടി ചേര്‍ത്തുവച്ചുകൊണ്ടുള്ള മടക്കം.  
ഇനിയൊരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കാതെ മനസിനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഒരു പാച്ചില്‍, അവിടെ ആ വേഗതയില്‍ അല്‍പ്പമൊരുകുറവുവന്നാല്‍ പലതും പലര്‍ക്കും നഷ്ടമായേക്കാം .
മറവിയിലാണ്ടത് അവളുടെ ഇന്നലെകളാണ് പക്ഷെ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടത് നരേന്ദ്രന്റെ ഇന്നലെകള്‍ മാത്രമല്ല
അവളുടെ ഇന്നലെകളില്‍ കുരുങ്ങിക്കിടക്കുന്ന അയാളുടെ ഇന്നുകള്‍ കൂടിയാണ്..
ഇത്രമേല്‍ നോവിക്കാനാണെങ്കില്‍ പൊള്ളിയടര്‍ന്ന ആ മനസിനും തകര്‍ന്നുപോയ ആ മനുഷ്യനും ഇനിയൊരു പങ്കാളിയുണ്ടാവാതിരിക്കട്ടെ...  
അവളിപ്പോഴും അയാള്‍ക്കൊപ്പം എനിക്കും ഗൗരി തന്നെയാണ്...
 
         

                                                                                                  ആമി രാംദാസ്