Thursday 31 October 2019

ശക്തിസ്ഥലിൽ ഉറങ്ങുന്ന ഇന്ത്യ

ഇന്ത്യയെന്നാൽ ഇന്ദിര.... ഇന്ദിരയെന്നാൽ ഇന്ത്യ....


 ഒരു കാലത്ത് ഇന്ത്യയെന്ന മഹാ രാജ്യത്തെ  മുന്നോട്ട് നയിച്ച മുദ്രാവാക്യം ...
ഒരു ജനതയ്ക്ക് ആവേശമായിരുന്ന മുദ്രാവാക്യം.

ഇന്ന് ഞാൻ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാനീ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും.
ജീവിച്ചിരിക്കുമോ അതോ കൊല്ലപ്പെടുമോ എന്നത് ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. ...
എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു...
രാജ്യ സേവനത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടി വന്നാലും ഞാൻ അഭിമാനിക്കും. മരിച്ചു വീണാലും എന്റെ ഓരോ തുള്ളി ചോരയും ഇന്ത്യയ്ക്ക് ഊർജവും ശക്തിയും പകരുമെന്ന് എനിക്ക് പറയാൻ സാധിക്കും”   ഇന്ദിര ഗാന്ധി

(മരിക്കുന്നതിന് തലേന്ന് ഒഡീഷയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്)

ഇന്ദിര മരണത്തെ മുൻകൂട്ടി കണ്ടു. പക്ഷേ പതറിയില്ല , എടുത്ത നിലപാടുകളിൽ നിന്നും ഒരടി പിന്നോട്ട് പോയില്ല.

ഇന്ദിരയുടെ വാക്കുകൾ അറം പറ്റി.

1984 ഒക്ടോബർ 31 ന് സഫ്ദർജങിലെ ഓദ്യോഗിക വസതിയിൽ നിന്നും പുറത്തേക്ക് ഇറങ്ങവെ സ്വന്തം  അംഗരക്ഷകരുടെ
വെടിയേറ്റ് ഇന്ത്യയുടെ ഉരുക്കു വനിത വീണു.

ഇന്ദിരാ യുഗം അവസാനിച്ചു.

പക്ഷേ മരണം കൊണ്ടുപോലും ഇന്ദിരയെ തോൽപ്പിക്കാൻ ആർക്കും ആകുമായിരുന്നുമില്ല...

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയ ചരിത്രം ഈ രാജ്യത്തിനുണ്ട്. എന്നാൽ പുറത്താക്കി 3 വർഷത്തിനപ്പുറം " ഇന്ദിരയെ വിളിക്കു... ഇന്ത്യയെ രക്ഷിക്കു ... എന്ന മുദ്രാവാക്യം ഈ രാജ്യം വിളിച്ചു.
അതായിരുന്നു. ഇന്ദിര...
പ്രിയപ്പെട്ട ഇന്ദിരാ പ്രിയദർശിനി



ഇന്നത്തെ തലമുറയ്ക്ക് ഗോപൻ എന്ന പേരും ശബ്ദവും പരിചിതമാക്കുന്നത് "ശാസകോശം സ്പോഞ്ച് പോലെയാണ് "  എന്ന് തുടങ്ങുന്ന പുകയില വിരുദ്ധ പരസ്യത്തിലൂടെ ആവാം.... എന്നാൽ എന്റെ അച്ഛനും അമ്മയും അടങ്ങുന്ന ഒരു തലമുറ ആ ശബ്ദം ഒർക്കുന്നത് ഞെട്ടലോടെയാണ് ....
1984 ഒക്ടോബർ 31 ... ഇന്ത്യയയാകെ വിറങ്ങലിച്ച് നിന്ന  ദിവസം ....
"പറമ്പിൽ കൃഷിപ്പണിക്കിടെ ആരോ പറഞ്ഞു വലിയ ഒരു വാർത്ത വരുന്നു എന്ന് ആകാശവാണിയിൽ അറിയിപ്പുണ്ടെന്ന്..   റേഡിയോയ്ക്ക് മുന്നിലെത്തിയപ്പോൾ കേട്ട വാർത്ത ഇന്ദിരാ യുഗാന്ത്യം എന്നതായിരുന്നു " (തേനംപറമ്പിൽ സത്യനും, സാവിത്രിയും പറഞ്ഞത്)

വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഇന്ദിര ഇന്നും .എന്റെ സൂപ്പർ ഹീറോയും റോൾ മോഡലും ആകുമ്പോൾ... ആ തലമുറയിൽ ജിവിച്ചവരുടെ കാര്യം പറയേണ്ടതുണ്ടോ...


(ഡൽഹി കാലത്ത് എറ്റവും അടുത്ത സൗഹൃദം പുലർത്തിയിരുന്ന പ്രിയപ്പെട്ട ഗോപൻ സാർ ഈ വർഷമാണ് അന്തരിച്ചത്. 1984 ഒക്ടോബർ 31 ന് ഇന്ദിരയുടെ മരണ വാർത്ത മലയാളിയെ അറിയിക്കുന്നതാണ് വിഡിയോയിൽ)