2. വിക്ടര്‍
ഇഷ്ടപ്പെട്ട
കഥാപാത്രങ്ങളെ മനസില്‍
തിരയുമ്പോള്‍ ആദ്യം ഓടിയെത്തുന്നതിലൊരാള്‍ വിക്ടറാണ്.
ഒരുകാലത്ത്
മനസിലെവിടെയൊക്കെയോ നനുത്ത
മഞ്ഞിന്‍കണം പോലെ
പറ്റിച്ചേര്‍ന്നിരുന്ന
വിക്ടര്‍.
പ്രണയമെന്ന
വാക്കിന്റെ അര്‍ത്ഥമറിയാത്ത
സമയത്തും വിക്ടറിന്റെ നോവ്
എന്നെയും പൊള്ളിച്ചിരുന്നു.
ഒരാളെക്കാണുമ്പോള്‍
മാത്രം ചിരിക്കുന്ന ആ കണ്ണുകളും
ആര്‍ദ്രമായി മാറുന്ന ശരീരവും
അത്ഭുതത്തോടെ തന്നെയാണ്
നോക്കിക്കണ്ടിരുന്നത്.
പ്രണയിക്കുന്നവരുടെ
ചുണ്ടുകളില്‍ വിരിയുന്ന ആ
ചെറിയ പുഞ്ചിരിയാണ് കണ്ണുകളില്‍
നക്ഷത്രങ്ങളായി വിടരുന്നതെന്നതും
വിക്ടറിനെ നോക്കി മനസിലാക്കിയെടുത്തതാണ്.
അത്ര
ആഴത്തിലുള്ള കഥാപാത്ര സൃഷ്ടി
ആയിരുന്നോ അത് എന്ന കാര്യത്തില്‍
ഇപ്പോഴും സംശയമാണ്.
വിക്ടറിനെ
കാണിച്ചുതരുന്നതിന് മുന്‍പും
കഥയ്ക്ക് ശേഷവും എനിക്കയാളില്‍
ഒരു പ്രതീക്ഷയും നിലനില്ക്കുന്നില്ല.
അയാളുടെ
രാഷ്ട്രീയം എന്നെ ആകര്‍ഷിച്ചില്ല,
അല്ലെങ്കില്‍
അയാളെ ഒരു നല്ല സഖാവായി/കൂട്ടുകാരനായി
ഞാന്‍ വിലയിരുത്തിയില്ല.
അയാളൊരുവളെ
ഭംഗിയായി പ്രണയിച്ചിരുന്നു
അതിന്റെ തുടര്‍ച്ചയില്‍
എനിക്കൊട്ട് സംശയമില്ല താനും.
പക്ഷെ
കാലൊടിഞ്ഞ്
കിടന്നപ്പോള്‍ ആരും
നോക്കാനുണ്ടായിരുന്നില്ല
എന്ന ആ ഡയലോഗ് മാത്രം എവിടെയോ
ഒരു അസംതൃപ്തി നിറച്ചു.
കോളെജ്
കാലഘട്ടത്തിലെ,
സൗഹൃദങ്ങള്‍
അതിപ്പോള്‍ ഏത് പാര്‍ട്ടിയില്‍
പെട്ടവരാണേലും അത്ര ശുഷ്കമാണോ
? അത്രയും
സ്വാര്‍ത്ഥമാണോ എന്ന ആലോചന
കൊണ്ടുകൂടിയായിരിക്കാമത്.
ഏകാന്ത
പ്രണയത്തിന്റെ സുഖമുള്ള വേദന
മനസില്‍ നിറച്ചാണ് വിക്ടര്‍ ഓരോ ഫ്രെയിമിലും കടന്ന്
വരുന്നത്.
വരമഞ്ഞളാടിയ
എന്ന് തുടങ്ങുന്ന പാട്ടില്‍ പ്രണയാര്‍ദ്ര,
തളരിത
മിഴികളോടെ പ്രണയിനിയെ നോക്കുന്ന
വിക്ടര്‍ മാത്രമേ എന്റെ
കാഴ്ചയില്‍ ഉടക്കിയുള്ളൂ...
എന്തൊക്കെയോ
തിക്താനുഭവങ്ങളില്‍ മനസുമടുത്ത്
ഒറ്റയായിപ്പോയ ഒരു യുവാവ്,
അവിടെ
നിന്നും നിറങ്ങളുടെ ലോകത്തേക്ക്
വീണ്ടുമൊരു മടങ്ങിപ്പോക്ക്
അയാളാഗ്രഹിച്ചത് അവളെ
കണ്ടപ്പോള്‍ മുതലായിരിക്കണം.
അവളോട്
മിണ്ടുമ്പോള്‍ മാത്രം മൊഴികളിലും
മിഴികളിലും ഒരുപോലെ വാചാലനാകുന്ന,
അവളുടെ
സംസാരങ്ങളില്‍ സ്വയം
മറന്നിരിക്കാന്‍ കൊതിക്കുന്നവന്.
അവളുടെ
ലോകം തനിക്കിന്നും അന്യമാണെന്ന
തിരിച്ചറിവില്‍ പോലും
പരിഭവിക്കാതെ പോകും വഴികളില്‍
കൂട്ടായവന്.......
അവനില്‍
നിന്നും ഞാനും തുടരുകയാണ്
എന്റെ ഇഷ്ടകഥാപാത്രങ്ങളിലൂടെ
ഈ യാത്ര...
ആമി രാംദാസ്