Wednesday, 1 May 2019

ഗോപൻ ഇനി വാർത്തകൾ വായിക്കില്ല ...


(സി.വി രാമൻ പിള്ള കണിശക്കാരനായിരുന്നു.... വായിൽ മുറുക്കാൻ ഇട്ട് ചവച്ച് കൈ രണ്ടും പിന്നിൽ കെട്ടി, മേൽമുണ്ട് തോളത്തിട്ട് വരാന്തയിൽ തലങ്ങും വിലങ്ങും നടന്ന് പറയുന്നത് എഴുതി എടുക്കുക ഇ വി ക്യഷ്ണപിള്ളയും, മുൻഷി പരമുപിള്ളയുമായിരുന്നു. തിരിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതും മറ്റും സി വിക്ക് ഇഷടമല്ലായിരുന്നു. )

സി.വിയുടെ കൊച്ചു മകനായ ഗോപിനാഥൻ കന്യാകുമാരിയിലേയ്ക്കുള്ള ഉല്ലാസയാത്രയ്ക്കിടെ അക്കാലത്ത് പ്രശസ്തയായിരുന്ന മുരുകൻ ജോത്സ്യർ എന്ന സ്ത്രീയെ കണ്ടു. തമിഴ് കലർന്ന മലയാളത്തിൽ അവർ പറഞ്ഞു, ' നീ ഉലകത്തോട് പേശിക്കെണ്ടേ ഇരിക്കും..., ആർക്കും ഉന്നോട് തിരുബ പേശ മുടിയാത്...' അപ്പൂപ്പനെ പോലെ.., ജോത്സ്യ പ്രവിച്ചത് പോലെ ഗോപൻ ലോകത്തോട് സംസാരിച്ചു കൊണ്ടേ ഇരുന്നു. തിരിച്ച് ആർക്കും സംസാരിക്കാനും പറ്റിയില്ല. മലയാളികളുടെ ലോകം ശബ്ദം കൊണ്ട് മാത്രം തിരിച്ചറിഞ്ഞ വാർത്താ വായനക്കാരൻ ഗോപനാണ് കഥാനായകൻ. പണ്ട് ആകാശവാണി മാത്രമായിരുന്നു ദിനപത്രങ്ങൾക്ക് മുൻപേ വാർത്തകൾ എത്തിച്ചിരുന്നത്. രാവിലെ 7.30, ഉച്ചയ്ക്ക് 1.20, വൈകീട്ട് 7.30 എന്നീ സമയങ്ങൾ ഡൽഹി ആകാശവാണി വാർത്തകൾക്കായി മലയാളികൾ കാത്തിരുന്ന കാലമുണ്ടായിരുന്നു. അന്ന് സ്ഥിരമായി ജനം കേൾക്കുന്നതാണ് 'ആകാശവാണി, വാർത്തകൾ വായിക്കുന്നത് ഗോപൻ...' 

  റോസ് എന്ന തന്റെ അദ്ധ്യാപകന്റെ ഓർമ്മയ്ക്കായി സി സി രാമൻപിള്ള തിരുവനന്തപുരം വഴുതക്കാട് പണികഴിപ്പിച്ച തറവാട് വീടിനിട്ട പേരാണ് റോസ്ക്കോട്ട് ബംഗ്ലാവ്. അക്കാലത്ത് കൂട്ടു കുടുംബമായിരുന്നു നിലവിലുണ്ടായിരുന്നത്. കുട്ടികാലം ഗോപനും കുടുംബവും അവിടെയായിരുന്നു താമസിച്ചിരുന്നത്. ടെക്സ്റ്റൈയിൽ ടെക്നോളജി പഠിക്കാൻ അമ്മാവനായ അടൂർഭാസിയും അവിടെ തന്നെയായിരുന്നു താമസിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ എല്ലാ ദിവസവും വലിയ വെടി വട്ടം കുടുംബ വീടിന്റെ നാലുകെട്ടൽ നടക്കും. 

  അടൂർഭാസിയും, അദ്ദേഹത്തിന്റെ സഹോദരൻ ചന്ദ്രാജിയും പ്രധാന റോളാണ് ക്കൈകാര്യം ചെയ്യാറ്. തിരുവനന്തപുരത്തെ അമേച്ച്വർ നാടകങ്ങളിൽ സജീവമായിരുന്നു അക്കാലത്ത് അടൂർഭാസി. കോളേജിൽ പഠിക്കുകയായിരുന്ന ഗോപൻ മിക്കവാറും ഭാസി അമ്മാവന്റെ കൂടെ പോകും. ഭാസിയമ്മാവനും സംഘവും നാടകത്തിൽ ഉപയോഗിക്കുന്ന ഉച്ചാരണങ്ങൾ ഗോപനെ ആകർഷിച്ചു. ഇതൊക്കെ തന്റെ മലയാള വായനയുടെ കഴിവ് മിനുസപ്പെടുത്താൻ കാരണമായിട്ടുണ്ടെന്ന് ഗോപൻ സാക്ഷ്യപ്പെടുത്തുന്നു. 

   എംഎ ചരിത്രപഠനം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൂർത്തിയാക്കിയപ്പോൾ സർദാർ കെ എം പണിക്കർ വൈസ് ചാൻസിലറായ കാശ്മീർ സർവ്വകലാശാലയിൽ അദ്ധ്യാപകനാകാൻ ഗോപൻ കെട്ടു കെട്ടിയതാണ്. ഡൽഹിയിലെത്തിയപ്പോഴേയ്ക്കും അദ്ധ്യാപക ജോലിക്കായി ക്ഷണിച്ച സർദാർ കെ എം പണിക്കർ മൈസൂർ സർവ്വകലാശാലയ്ക്ക് സ്ഥലം മാറി പോയെന്ന് അറിഞ്ഞു. നിവർത്തിയില്ലാതെ, ഡൽഹിയിൽ കേന്ദ്ര ഇൻഫർമേഷൻ വകുപ്പിൽ ഓഫീസറായിരുന്ന അമ്മാവൻ റോസ്ക്കോട്ട് ക്യഷ്ണപ്പിള്ളയോടൊപ്പം താമസമാക്കി. നിഖിൽ ചക്രവർത്തിയുടെ മെയിൻ സ്ട്രീമിൽ മാധ്യമ ട്രെയ്നിയായി ഗോപന് അമ്മാവൻ ജോലി ശരിയാക്കി. ഇതിനിടയിലാണ് ഡൽഹി ആകാശവാണിയിൽ മലയാളം ന്യൂസ് റീഡർ ഒഴിവ് വരുന്നത്. നാട്ടിൽ ജോലി തേടി നടന്നിരുന്ന അടൂർഭാസിയേയും, ഗോപനേയും റോസ്ക്കോട്ട് ക്യഷ്ണപിള്ള ശുപാർശ ചെയ്തു. 

  അന്ന് 300 രൂപയാണ് വാർത്താ വായനക്കാർക്ക് മാസ ശംമ്പളം. താത്കാലിക നിയമനമാണ്. അതേ അവസരത്തിൽ അടൂർഭാസിക്ക് ഒരു സിനിമയിൽ അവസരം കിട്ടി. 500 രൂപയായിരുന്നു സിനിമയിൽ പ്രതിഫലം എന്നത് കൊണ്ട് ഭാസി ഇന്റർവ്യൂവിന് ചെന്നില്ല, ഗോപൻ ചെന്നു. അങ്ങിനെ കാഷ്വൽ നൂസ് റീഡറായി മൈക്രാ ഫോണിന് മുന്നിലെത്തി. തിരുവനന്തപുരത്ത് അമ്മാവൻ ഭാസിയുടെ കൂടെ നടന്ന കാലത്ത് ആകാശവാണി നാടകങ്ങളിൽ ശബ്ദം കൊടുത്തത് മാത്രമായിരുന്നു ഗോപന്റെ കൈമുതൽ. 

    നെഹ്റുവും, ഇന്ദിരയും, രാജീവും മരണപ്പെട്ടത് മലയാളികളെ ആകാശവാണിയിലൂടെ അറിയിച്ചത് ഗോപനാണ്. അക്കാലത്ത് മറ്റ് മാധ്യമങ്ങൾ ബ്രേക്കിങ്ങ് ന്യൂസ് നൽകാൻ ഉണ്ടായിരുന്നില്ല. ഇന്ദിരാ ഗാന്ധി മരണപ്പെട്ട ദിവസം പ്രത്യേക ബുള്ളറ്റിനുകൾ ഉണ്ടായിരുന്നത് ഗോപൻ ഓർക്കുന്നു. ഓരോ ഭാഷയ്ക്കും വാർത്താ വായനക്കാരനും, കൂടെ പകരക്കാരനും ഉണ്ടാകും. എല്ലാ ഭാഷക്കാരും അവരവരുടെ സമയത്തിന് അഞ്ച് മിനിറ്റ് മുൻപായി സ്റ്റുഡിയോയുടെ മുന്നിൽ എത്തണം. ഇന്ദിരാ ഗാന്ധിയുടെ മരണം സംഭവിച്ച ദിവസം, ഔദ്യോഗികമായി മരണ വിവരം അറിയിക്കുന്നത് ആകാശവാണിയായിരുന്നു. മലയാള വാർത്തയ്ക്ക് മുൻപാണ് എപ്പോഴും തമിഴ് വാർത്തയ്ക്ക് സമയം കൊടുത്തിരുന്നത്. തമിഴ് വാർത്ത വായിച്ചത് വിജയം എന്ന വാർത്താ വായനക്കാരിയായിരുന്നു. തൊട്ടടുത്ത ഊഴം മലയാളം വായനക്കാരനായ ഗോപനാണ്. 

ഇന്ദിരാ ഗാന്ധിയുടെ മരണ വിവരം വായിച്ച അവർ അക്ഷരാർത്ഥത്തിൽ വിങ്ങി കരഞ്ഞു. അത് പെട്ടികരച്ചിലിലേയ്ക്ക് വഴി  മാറിയപ്പോഴേയ്ക്കും മലയാള വാർത്തയുടെ സമയമായി. വികാരനിർഭരമായി വാർത്ത വായിച്ച് ഗോപൻ പുറത്തിറങ്ങി. വാർത്താ വായന രണ്ട് തരമുണ്ടെന്നത് ഓർമ്മിപ്പിക്കുന്നതായിരുന്നു അന്നത്തെ സംഭവം. വികാര ശൂന്യമായി വാർത്ത വായിക്കുന്ന ബിബിസി രീതി. വികാരങ്ങൾ ഉൾക്കൊണ്ട് വാർത്ത വായിക്കുന്ന രണ്ടാമത്തെ രീതിയും. ഇന്ത്യയിൽ രണ്ടാമത്തെ രീതിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. തമിഴ് വാർത്ത വായിച്ചവർ വികാരം ഉൾക്കൊണ്ട് വായിച്ചപ്പോൾ നിയന്ത്രണം വിട്ടു പോയതാണ്. മലയാള ഭാഷയ്ക്കും വികാരങ്ങളില്ലാതെ അവതരിപ്പിക്കാൻ പ്രയാസമാണ്. അതിന്റെ തോത് വാർത്ത വായിക്കുന്നവർ തന്നെയാണ് നിയന്ത്രിക്കേണ്ടത്. പത്ത് മിനിറ്റുള്ള വായനയ്ക്ക് എത്ര വാർത്തകൾ വേണമെന്നതും, സമയക്രമം ഉണ്ടാക്കുന്നതും പരിചയം കൊണ്ട് ഉണ്ടാകുന്നതാണ്. 

ആകാശവാണിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ദ്യശ്യമാധ്യമ രംഗത്ത് സജീവമായി ഗോപൻ. പുകവലിക്കാർക്ക് പേടി സ്വപ്നമായ ശബ്ദം നൽകിയത് മുൻപ് വലിയ പുകവലിക്കാരനായിരുന്ന ഗോപനാണ്. ' ശ്വാസകേശം സ്പോഞ്ച് പോലാണ്..... ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസ കോശത്തിൽ നിന്ന് വലിച്ചെടുക്കുന്ന കറ ഏതാണ്ട് ഇത്രത്തോളമുണ്ട്...'  പുകവലിക്കാരനെ ഭയപ്പെടുത്തുന്ന ഡയലോഗാണ് ഇന്ന് ഇത്. സ്ക്രീനിലെ ദ്യശ്യവും ശബ്ദവും ചേരുമ്പോൾ അത് വലിയ ഫലം ചെയ്യും. കിസാൻ കോൾ സെന്റർ, നേത്ര ദാനം, പ്രവാസി മന്ത്രാലയം തുടങ്ങിയ പരസ്യങ്ങളും ഡോകുമെട്രികളും ജനശ്രദ്ധ പിടിച്ചു പറ്റി. ശബ്ദം കൊടുക്കുക മാത്രമല്ല ചില പരസ്യങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് ഗോപൻ.


ആദരാഞ്ജലികൾ